അമ്പത്തിമൂന്നുമണി ജപം

പ്രാരംഭ പ്രാർത്ഥന

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്ന് മണിജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടു കൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങ് സഹായം ചെയ്യേണമേ !

പിതാവായ ദൈവത്തിൻ്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവ വിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ…

പുത്രനായ ദൈവത്തിൻ്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ…

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ…

(ഓരോ ദശകത്തിനും ശേഷം ചൊല്ലേണ്ട പ്രാർത്ഥന)

ഓ എൻ്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ചും അങ്ങയെ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേയ്ക്ക് ആനയിക്കേണമേ.

സന്തോഷകരമായ ദൈവരഹസ്യങ്ങൾ

(തിങ്കൾ, ശനി ദിവസങ്ങളിൽ )

ഒന്നാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ചു, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

രണ്ടാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ് ഏലീശാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്ന് കണ്ട് മൂന്ന് മാസം വരെ അവൾക്കു ശ്രുശ്രുഷ ചെയ്തു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

മൂന്നാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ്, തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലം ആയപ്പോൾ ബെത്ലെഹം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ചു ഒരു തൊഴുകൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

നാലാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ്, തൻ്റെ ശുദ്ധീകരണത്തിൻ്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവെച്ചു ശിമയോൻ എന്ന മഹാത്മാവിൻ്റെ കൈകളിൽ ഏൽപ്പിച്ചു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

അഞ്ചാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ്, തൻ്റെ ദിവ്യകുമാരന് പന്ത്രണ്ട് വയസ്സായിരിക്കെ മൂന്നുദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാലയത്തിൽ വച്ച് വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കയിൽ അവിടുത്തെ കണ്ടെത്തി എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

ദുഃഖകരമായ ദൈവരഹസ്യങ്ങൾ

(ചൊവ്വ, വെള്ളി)

ഒന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർഥിച്ചിരിക്കുമ്പോൾ ചോരവിയർത്തു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

രണ്ടാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിൻ്റെ വീട്ടിൽ വച്ച് ചമ്മട്ടികളാൽ അടിക്കപെട്ടു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

മൂന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹായെ യൂദൻമാർ മുൾമുടി ധരിപ്പിച്ചു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

നാലാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം തനിക്ക് അധികം അപമാനവും വ്യാകുലവും ഉണ്ടാകുവാൻ വേണ്ടി അവിടുത്തെ തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

അഞ്ചാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താ മലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധ മാതാവിൻ്റെ മുൻപാകെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

മഹിമയുടെ ദൈവരഹസ്യങ്ങൾ

(ബുധൻ, ഞായർ)

ഒന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിൻ്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടുകൂടെ ഉയർത്തെഴുന്നള്ളി എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

രണ്ടാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ ഉയിർപ്പിൻ്റെ ശേഷം നാല്പതാം നാൾ അദ്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തൻ്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ട് നിൽക്കുമ്പോൾ സ്വർഗാരോഹണം ചെയ്തു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

മൂന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിൻ്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

നാലാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോ മിശിഹാ ഉയർത്തെഴുന്നള്ളി കുറേ കാലം കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽ നിന്ന് മാലാഖമാരാൽ സ്വർഗ്ഗത്തിലേയ്ക്ക് കരേറ്റപെട്ടു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

അഞ്ചാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ് പരലോകത്തിൽ കരേറിയ ഉടനെ തൻ്റെ ദിവ്യകുമാരനാൽ സ്വർഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപെട്ടുവെന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

പ്രകാശത്തിൻ്റെ ദൈവരഹസ്യങ്ങൾ

(വ്യാഴം)

ഒന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽ ജോർദ്ദാൻ നദിയിൽ വച്ച് യോഹന്നാനിൽ നിന്ന് മാമ്മോദിസാ സ്വീകരിച്ചു എന്ന് ധ്യാനിക്കുക .

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

രണ്ടാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോ മിശിഹാ കാനായിലെ കല്യാണവിരുന്നിൽ വച്ച് വെള്ളം വീഞ്ഞാക്കി, തൻ്റെ അത്ഭുതപ്രവർത്തികളുടെ ആരംഭം കുറിക്കുകയും അവിടെ കൂടിയിരുന്നവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തതിനെപറ്റി ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

മൂന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ പരസ്യ ജീവിതകാലത്തു പാപങ്ങൾ ക്ഷമിക്കുകയും ദൈവരാജ്യം സമീപിച്ചിരിക്കുന്നു അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെ പറ്റി ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

നാലാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ താബോർ മലയിൽ വച്ച് രുപാന്തരപെടുകയും, അവിടുത്തെ ദൈവികമായ മഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവെന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

അഞ്ചാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ തന്റെ പരസ്യജീവിതത്തിൻ്റെ അന്ത്യത്തിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് നമ്മോടുള്ള സ്നേഹം പ്രകടമാക്കി എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

ജപമാല സമർപ്പണം

മുഖ്യദൂതനായിരിക്കുന്ന വിശുദ്ധ മിഖായേലേ, ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റപ്പായേലേ, ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർ തോമായെ, ഞങ്ങൾ ഏറ്റം പാപികൾ ആയിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായി ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ച വെപ്പാൻ നിങ്ങളോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു…

സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ, ഇതാ ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ, സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ…

സർവ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തരിക്കണ്‍ പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ ഈ അപേക്ഷകളോക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ. ആമ്മേന്‍

ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ…

സർവ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

പ്രാർത്ഥിക്കാം

സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനുയോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങു നിശ്ചയിച്ചുവല്ലോ ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപെടുവാന്‍ കൃപചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ. ആമ്മേന്‍

Prayer List

Our Father - Lord's Prayer
Hail Mary
The Angelus
Glory Be
Apostle's Creed
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
The Memorare
എത്രയും ദയയുള്ള മാതാവേ
ത്രിത്വസ്തുതി
Hail Holy Queen
1